കല്യാണം കഴിക്കുന്നവർ അറിയാൻ വേണ്ടി .. topmediayou

 


കാലം മാറിക്കൊണ്ടിരിക്കുകയാണ്. അറേഞ്ച്ഡ് മാരേജ് പലപ്പോഴും അത്ര വിജയകരമകണമെന്നില്ല. നിങ്ങൾ എങ്ങിനുളള ആളാണ് എന്നതനുസരിച്ചിരിക്കും വിവാഹവും, അതിനു ശേഷമുളള ജീവിതവും. അതിനാൽ എല്ലാ ദിവസവും പുതിയ പുതിയ ഡൈവോഴ്സ് കഥകൾ കേൾക്കേണ്ടിവരുന്ന ആളെന്നനിലയിലും, പത്ത് പതിനഞ്ച് വർഷമായി അങ്ങേയറ്റം തൃപ്തികരമായ വിവാഹ ജീവിതം നയിക്കുന്ന ആളെന്ന നിലയിലും ചില ഉപദേശങ്ങൾ നൽകാം.

സ്റ്റേജ് 1

പെട്ടെന്നുളള പ്രണയത്തിൽ വിവാഹം കഴിക്കുന്നതിലും നല്ലത് ഒരു ലിവിങ്ങ് ടുഗതർ എഗ്രിമെന്റ് ഉണ്ടാക്കി ഒന്നിച്ച് ജീവിച്ച് വിജയിക്കുമോ എന്ന്‌ നോക്കുന്നതാണ് നല്ലത്. അതാകുമ്പോൾ ഒരു പരിക്കുമില്ലാതെ രണ്ടുപേർക്കും ഗുഡ്ബൈ പറഞ്ഞ് പിരിയാം. ഇനി കുഴപ്പമില്ല എന്ന്‌ തോന്നിയാൽ അഞ്ചോ പത്തോ വർഷം കഴിഞ്ഞ് ഒരു നോട്ടീസ് കൊടുത്ത് വിവാഹം റെജിസ്റ്റർ ചെയ്താൽ മതി. കുട്ടികൾ എന്നത് ഏതായാലും വിവാഹം കഴിഞ്ഞ് 100% വും ഓക്കെയാണെന്ന്‌ തോന്നിയതിനു ശേഷം മാത്രം മതി.

സ്റ്റേജ് 2

വീട്ടുകാരുടേയും, നാട്ടുകാരുടേയും അഭിപ്രായത്തിന് വിലകൽപ്പിച്ച് മുന്നോട്ട് പോകുന്ന ആളാണെങ്കിൽ 1) തുല്യമായ ജാതി, മത, സാമ്പത്തീക നിലകളിലുളളവരുമായി മാത്രം വിവാഹത്തിലേർപ്പെടുക. എന്തെന്നാൽ വിവാഹത്തിന് മുമ്പ് നമ്മൾ പലതും അറിയുന്നില്ല. ഇരു കൂട്ടരും പലതും ഒളിക്കുന്നുണ്ട്. ആദ്യത്തെ കുറച്ച് നാളുകൾക്ക് ശേഷമായിരിക്കും സത്യമെല്ലാം പുറത്ത് വരിക. 2) അന്യോന്യം വിശ്വസ്ഥത പുലർത്തുക. 3) രണ്ടുപേരും തുല്യരാണ് എന്ന ചിന്ത രണ്ടു പേർക്കും ഉണ്ടാകണം. 4) എല്ലാ കാര്യങ്ങളിലും അഭിപ്രായം അറിഞ്ഞു മാത്രം തീരുമാനങ്ങളിലെത്തുക. 5) പഴയകാലത്തെപ്പോലെ പെൺകുട്ടികളെ അടുക്കളയിലേയ്ക്കായി പുടവകൊടുത്ത് കൊണ്ടുവന്നാൽ ഇന്ന്‌ ആരും അതിന് നിന്നു തരില്ല എന്ന സത്യം മനസിലാക്കുക. 6) സാമ്പത്തീക ഭദ്രത ഉണ്ടായതിനുശേഷം കുട്ടികളുടെ കാര്യം ആലോചിക്കുക. 7) തുറന്ന്‌ സംസാരിക്കാനുളള ഒരു സ്പേസ് അന്യോന്ന്യം ഉണ്ടായിരിക്കണം, അല്ലെങ്കിൽ വിവാഹം പരാജയമാകും. 8) അന്യോന്യം ബന്ധുക്കളേയും മറ്റും കുറ്റപ്പെടുത്തതിരിക്കുക. - തമാശാണെങ്കിൽ പോലും ആദ്യകാലത്ത് അത് സ്ട്രൈക്ക് ചെയ്യും - കുറെ കാലശേഷം ആണെങ്കിൽ അത് പ്രശ്ന്മാകില്ല. മാത്രവുമല്ല രണ്ടുപേരുടേയും ഹ്യൂമർസെൻസ് വ്യത്യസ്ഥമായിരിക്കും. ആ ഒരു ലെവലിലേയ്ക്ക് എത്തുവാൻ ( പരിധി മനസിലാക്കാൻ ) കുറച്ചുകാലം എടുക്കും.9) വ്യക്തിശുചിത്വം പാലിക്കുക. 10) മദ്യപാനം ഭാര്യക്ക് കുഴപ്പമില്ലെങ്കിൽ മാത്രം വല്ലപ്പോഴും ആകാം. സ്ഥിരം പരിപാടിയായാൽ ശാരീരീകവും, മാനസീകവും, സാമ്പത്തീകവുമായി ബന്ധം തകരാറിലാകും. ( ഉദ : ഞാൻ വെളളമടിച്ചാൽ ചളി വളിപ്പ് പറയും; പിറ്റേന്ന്‌ ഭാര്യ അത് പറഞ്ഞ് എന്നെ എടുത്തിട്ട് അലക്കും. ചമ്മി നാശമാകും. അതിനാൽ ആ പരിപാടി തന്നെ നിർത്തി.)

സ്റ്റേജ് 3

ഏത് വിവാഹ ബന്ധത്തിലും അസ്വാരസ്യങ്ങളൊക്കെ ഉണ്ടാകും. അതിലേയ്ക്ക് ബന്ധുക്കളെ വലിച്ചിടാതിരിക്കുന്നതാണ് ബന്ധം തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ലത്. അവരിടപെട്ടാൽ പിന്നെ ഒരിക്കലും തിരിച്ച് പോകാനാകാത്ത വിധം പ്രശ്നം കൈയ്യിൽ നിന്നും പോകും. അതിനാൽ നമ്മൾ നമ്മളെ തന്നെ ആദ്യം വിലയിരുത്തുക. "ഇനി മുതൽ എനിക്കിത് വേണ്ട" എന്ന്‌ എന്നും പറയുകയും, പിറ്റേന്നു മുതൽ അതില്ലാതെ പറ്റില്ലാത്ത ആളാണോ നമ്മൾ എന്നും സ്വയം ആദ്യം തീരുമാനമെടുക്കുക. അങ്ങിനെ ഉളള ആൾ ഒരിക്കലും അപ്പോഴത്തെ ദേഷ്യത്തിനും, അരിശത്തിനും ഒറ്റച്ചാട്ടത്തിന് കിണറ്റിൽ വീണാൽ ഒമ്പത് ചാട്ടത്തിന് പുറത്ത് വരാനൊക്കില്ല.

എന്നാൽ അതേസമയം തന്നെ മദ്യപാനം, ദേഹോപദ്രവം മുതലായവയൊക്കെ ഉണ്ടെങ്കിൽ ഒട്ടും താമസിയാതെ വിവാഹബന്ധത്തിൽ നിന്നും പുറത്തു കടക്കുന്നതാണ് നല്ലത്. കൂടുതൽ പഴകുന്തോറും പിന്നിലേയ്ക്ക് വരാനുളള ദൂരവും കൂടും.

സ്റ്റേജ് 4

ഞാൻ അഭിഭാഷകനൊന്നുമല്ല. എന്നാൽ കുറെ ഏറെപ്പേരെ അറിയാം. വീരശൂരപരാക്രമികളായ അഭിഭാഷകർ പോലും വിവാഹബന്ധത്തിൽ ചാടി പുറത്തുകടക്കാനാകാത്ത രീതിയിൽ കൈകാലിട്ടടിക്കുന്നത് ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു.

ഈ കഴിഞ്ഞ ദിവസം അഭിഭാഷകയായ വിവാഹം ഉറപ്പിച്ച യുവതി മറ്റൊരു കാമുകനുമായി ഫോൺ ചാറ്റ് ചെയ്തത് ചെറുക്കൻ കൈയ്യോടെ തെളിവു സഹിതം പിടിച്ചു. ( രണ്ടാമത്തെ കാമുകൻ അഭിഭാഷകനും, വിവാഹം ഉറപ്പിച്ച പയ്യൻ -ജോലി പറയുന്നില്ല- ആള് സ്വൽപ്പം വില്ലനുമാണ് ) ഏതായാലും വിവാഹച്ചെറുക്കൻ അഭിഭാഷകനായ ഫോൺ ചാറ്റ് ചെയ്ത പയ്യനെ കണ്ടാൽ കത്തി കയറ്റും എന്ന്‌ പറഞ്ഞു നടക്കുന്നു. പെൺകുട്ടി 3–4 ദിവസമായി വക്കീലോഫീസിൽ പേടിച്ചിട്ട് വരുന്നില്ല. വിഷയം ചക്ക കുഴയുന്നതു പോലെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്.

മറ്റൊരു അഭിഭാഷക ബന്ധത്തിൽ ചെറുക്കന് പല സ്ത്രീകളുമായി ബന്ധം. എങ്ങിനൊക്കെ നോക്കിയിട്ടും ഒന്നിനെ ഓടിക്കുമ്പോൾ അടുത്തതിൽ പോയി ചാടും. ഡൈവോഴ്സിന് ആ അഭിഭാഷക തയ്യാറല്ല.

ഇതിലും പ്രശ്നത്തിലുളള നിരവധി ബന്ധങ്ങൾ പറയാനുണ്ട്, പക്ഷേ എന്റേത് യഥാർത്ഥ ഐഡി ആയതിനാൽ ആരെങ്കിലും ഒക്കെ വായിച്ച് ആളുകളെ മനസിലാക്കിയാൽ അത് അവർക്ക് ബുദ്ധിമുട്ടാകുമെന്നതിനാൽ എങ്ങും തൊടാതേയേ പറയാൻ സാധിക്കൂ.

അപ്പോൾ പറഞ്ഞുവന്നത് നിയമത്തിനകത്ത് മുങ്ങിക്കുളിക്കുന്ന അഭിഭാഷകർക്ക് പോലും വിവാഹം എന്നത് ഒരു കീറാമുട്ടി പ്രശ്നമാണ്. എല്ലാ വിഷയത്തിലും 4 ആൾ അറിഞ്ഞാലുളള നാണക്കേടാണ് തടസമായി നിൽക്കുന്നത്.

നിങ്ങൾ വിവാഹബന്ധത്തിന് തയ്യാറാണോ എന്നത് സത്യസന്ധമായി ചിന്തിക്കുക. അതിനുശേഷം മാത്രം ഇറങ്ങി പുറപ്പെടുക.




No comments

Powered by Blogger.